Friday, May 4, 2012

പവര്‍‌കട്ട്



മഹാബലിയെ ഓര്‍ക്കുമ്പോലെ, മഹാകവികളുടെ ഓര്‍മകളും നാം അയവിറക്കണമെന്ന ഓര്‍മ്മപ്പെടുത്തലായി  വീണ്ടും കറണ്ടുകട്ടിന്റെ കാലമെത്തി.....

വെളിച്ചം ദു:ഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം....

ഇടവഴിയിലൂടെ, ഉണ്ണിച്ചേട്ടന്റെ കൈപിടിച്ചുകൊണ്ട് അമ്പിളിച്ചേട്ടന്‍ അയലത്തെ വീട്ടിലേക്കു എത്തിനോക്കി പാടിക്കൊണ്ട് ആടിയാടി നടന്നുപോയി. കാറ്റു കൊള്ളാനായി വീടിനു പുറത്തു കസേരയിട്ടിരുന്ന ചേച്ചി, കാറ്റിന്റെ സുഗന്ധം കൊണ്ടോ, ചേട്ടന്റെ പാട്ടു കേട്ടിട്ടോ അകത്തേക്കോടി.

വിളപ്പില്‍ശാല പ്രശ്നം രൂക്ഷമായതിനാല്‍, നഗരത്തിനിപ്പോള്‍ ഒരു വിളപ്പില്‍ശാല ഗന്ധമാണ്. ചൂടു കാലമായാല്‍, കാറ്റു കൊള്ളാനായി പുറത്തിറങ്ങുന്ന പരിപാടിയൊക്കെ ജനങ്ങള്‍ നിര്‍ത്തി. 

കറണ്ടു പോയി. എങ്കില്‍ പടത്തിനു പോയാലൊ?
രതീഷിന്റെ ചോദ്യം.

ആ ചോദ്യമാണ് ബിമലെന്ന മഹാസംഭവത്തെക്കുറിച്ചുള്ള പഴയ ഒരു സംഭവം ഓര്‍മിപ്പിച്ചതു. മഹാകവികളെ മാത്രമല്ല, മഹാസംഭവങ്ങളെയും ഓര്‍മിപ്പിക്കാറുണ്ട് കറണ്ടു കട്ടുകള്‍.

കോട്ടയത്തെ പഠനകാലത്തെ ഒരു കറണ്ടു കട്ടു കാലം.
അറയും പുരയുമായ വീടിന്റെ അടുക്കളയോട് ചേര്‍ന്ന അറയിലിരുന്നു ബിമലും ബെന്‍സീറും, മെഴുകുതിരി കത്തിച്ചും കെടുത്തിയും കളിക്കുന്നു. സര്‍ക്കാര്‍ പോലും പഠനത്തിനു ഔദ്യോഗിക അവധി നല്‍കിയിരിക്കുന്ന ഈ അരമണിക്കൂര്‍ തന്നെ പഠിക്കണമെന്നു ബിമലിന്നു വാശി. നിയമങ്ങള്‍ ലംഘിക്കുവാനുള്ളതല്ലെന്നു ബെന്‍സീര്‍. ഒരു ബിസ്കറ്റ് പാക്കറ്റ് പൊട്ടിച്ചിട്ടു അവരുടെ നടുവിലേക്കിട്ടു കൊണ്ട്, അടിയോളമെത്തിയ ആ പ്രശ്നം കോമ്പ്രമൈസിലെത്തിച്ചു.

കരണ്ടു പോയി. പടത്തിനു പോയാലൊ?
ബിസ്കറ്റ് എനര്‍ജി നിറച്ചപ്പോള്‍ ബെന്‍സീറിന്റെ ചോദ്യം.

പവര്‍കട്ടിനെ തോല്‍പ്പിക്കാനായി പടത്തിനു പോകുക. പെട്ടെന്നു പോയാല്‍ സെക്കന്റ് ഷോയ്ക്കു കയറാം. എല്ലാവരും നിമിഷങ്ങള്‍ക്കുള്ളില്‍ റെഡിയായി ബൈക്കുകള്‍ സ്റ്റാര്‍ട്ടാക്കി യാത്രയായി.

പടം കണ്ടു തിരിച്ചെത്തുമ്പോള്‍, ദൂരെ റോഡില്‍ നിന്നും തന്നെ, താഴ്വാരത്തു റബ്ബര്‍ മരങ്ങള്‍ക്കു നടുവില്‍ വെള്ളപുതച്ചു നില്‍ക്കുന്ന ഞങ്ങളുടെ വാടക വീടു കണ്ടു. അര്‍ദ്ധരാത്രിയില്‍..., ചുറ്റിനും മറ്റൊരു വെളിച്ചവുമില്ലാതെ...., ഒരു മലയടിവാരത്തു...., റബ്ബര്‍മരങ്ങള്‍ക്കിടയില്‍...., ഓടിന്റെ വിടവുകളില്‍ കൂടി പ്രകാശം പരത്തി.....
ഹോ!!!! ഇത്ര സൌന്ദര്യത്തോടെ ഞാന്‍ വീടിനെ മുമ്പ് കണ്ടിട്ടേയില്ല.

കറണ്ടു കട്ടു സമയത്തു ധൃതിയില്‍ ഇറങ്ങിയോടിയപ്പോള്‍ ഒരുത്തനും ലൈറ്റും ഫാനുമൊന്നും ഓഫാക്കിയിരുന്നില്ല. ഓടിട്ട വീടിന്റെ ഓടിന്റെ വിടവുകളില്‍ കൂടി മുറികളിലെ വെളിച്ചം ചിതറുന്നു. ഒരു വശത്തു  ചിതറുന്ന വെളിച്ചത്തിനൊപ്പം പാറി നടക്കുന്ന പഞ്ഞിക്കെട്ടുകള്‍ പോലെ പുകച്ചുരുളുകള്‍.

അയ്യോ... പുക....
വീടിന്റെ സൌന്ദര്യമുയര്‍ത്തിയ പുക ഏതെന്നു മനസ്സിലായതു ബിമലിന്റെ നിലവിളിയാലാണ്.

ഓടിയിറങ്ങി വീടു തുറന്നു നോക്കുമ്പോള്‍ ബിമലിന്റെ മുറി (തടികൊണ്ടുള്ള അറ)യില്‍ തീ. ടേബിളിന്റെ ഒത്തനടുക്കു സമാധാനത്തോടെ നിന്നു കത്തുന്ന തീ. വെള്ളമൊഴിച്ചു തീയണച്ചു. പുകപോയിക്കഴിഞ്ഞപ്പോള്‍, പൊടി വീഴാതിരിക്കാന്‍ റൂമിനു മുകളില്‍ വലിച്ചു കെട്ടിയിരുന്ന വെളുത്തമുണ്ട് പുകയടിച്ചു ശബരിമലക്കു കൊണ്ടു പോകാന്‍ പാകത്തിലായിരിക്കുന്നു.

ഇത്രനേരവും മറ്റെവിടെയും പടരാതെ സമാധാനത്തോടെ നിന്നു കത്തിയതെന്തായിരുന്നു?
ടേബിളിന്റെ നടുവിലെന്തോ പറ്റിപ്പിടിച്ചിരിക്കുന്നു. ചില നാരുകള്‍..... ചെറു സ്പ്രിംഗുകള്‍..... ടേബിളിനോട് ഉരുകിച്ചേര്‍ന്നു അല്‍പ്പം പ്ലാസ്റ്റിക്കും. അടുക്കളയില്‍ നിന്നും കത്തിയെടുത്തു പ്ലാസ്റ്റിക് കുത്തിയിളക്കി. ഏതോ ഇലക്ട്രോണിക്സ് സാധനത്തിന്റെ ഒരു ബാറ്ററി അറയുടെ അടപ്പ്. ഏറെ നേരത്തെ തലപുകക്കലില്‍ നിന്നും, ഇത്രനേരം പുകഞ്ഞതു മെഴുകുതിരി കത്തിച്ചു വെച്ചിരുന്ന ടൈം‌പീസായിരുന്നു എന്ന തിരിച്ചറിവുണ്ടായി. പടം കഴിഞ്ഞുവരാന്‍ അല്‍പ്പം കൂടി താമസിച്ചിരുന്നെങ്കില്‍ വാടകക്കെടുത്ത വീടിനു പകരം പുതിയതു പണിയേണ്ടിവന്നേനെ എന്ന സത്യം ഇപ്പോഴും ഭയപ്പെടുത്തുന്നു.

ഓര്‍ക്കുക. കറണ്ടു കട്ടിന്റെ സമയത്തു അലസമായി പുറത്തു കറങ്ങാതിരിക്കുക.

Friday, November 19, 2010

സംഭവാമി യുഗേ യുഗേ...

പുലരിയുടെ വരവറിയിച്ചു കൊണ്ട്‌ പ്രകൃതിയുടെ അലാറം മുഴങ്ങി. അതുമാസ്വദിച്ചു കിടക്കവേ ആരോ കോഴിയുടെ കഴുത്തില്‍ കയറിപ്പിടിച്ചതുപോലെ ശബ്ദം പെട്ടെന്നു നിലക്കുകയും ചെയ്തു. പിന്നെ ഹല്‍..ല്ലാ... എന്ന ബിമലിന്റെ ശബ്ദം കേട്ടപ്പോഴാണ്‌ കോഴി കൂവിയതല്ല അവനു ഫോണ്‍ വന്നതാണ്‌ എന്നു മനസ്സിലായത്‌.

ക്ലാസ്സിലെ പെണ്‍കുട്ടികള്‍ക്കു ട്യൂഷനെടുക്കാന്‍ തുടങ്ങിയതില്‍ പിന്നെ ഇങ്ങനൊക്കെയാണ്‌. സമയവും അസമയവും നോക്കാതെ ഓരോരുത്തര്‍ വിളിച്ചുകൊണ്ടേയിരിക്കും. സ്വന്തമായിത്തന്നെ 'പരസഹായിപ്പട്ടം' നേടിയെടുത്തതിനാല്‍ വിളിക്കുത്തരം നല്‍കാതിരിക്കാനുമാവില്ല.

'കാലമാടന്‍ തുടങ്ങി' എന്നു പറഞ്ഞു കൊണ്ടുതന്നെ എല്ലാദിവസവും എണീക്കേണ്ടിവരുന്ന അവസ്ഥയിലെത്തി ഞാന്‍.

ഇന്നു അവധി ദിവസമാണെല്ലോ?

എണീക്കാനുള്ള സമയമായില്ലെന്നു മനസ്സിലാക്കി ഞാന്‍ വീണ്ടും പുതപ്പിനടിയിലെക്കു ചുരുണ്ടുകൂടി.

വിശപ്പിന്റെ വിളിമൂലമാണ്‌ പിന്നെയുണര്‍ന്നത്‌. ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ കാണുന്നത്‌ കുളിച്ചൊരുങ്ങി ഒരു പുയ്യാപ്ല രൂപത്തില്‍ നില്‍ക്കുന്ന ബിമലിനെയാണ്‌.

എങ്ങോട്ടാണാവോ രാവിലെ?

കോളേജില്‍ വരെ. അവന്‍ പറഞ്ഞു.

ഇന്ന് ശനിയാഴ്ച - അവധിയാണ്‌. ഞാന്‍ ഓര്‍മ്മിപ്പിച്ചു.

ഒരു കള്ളച്ചിരിയോടെ 'ട്യൂഷനുണ്ട്‌' എന്നു പറഞ്ഞവന്‍ നടന്നു നീങ്ങി.

"എന്തു പുല്ലാണെങ്കിലും കൊള്ളാം, ഉച്ചക്ക്‌ ഭക്ഷണം റെഡിയായിരിക്കണം" അവന്‍ വണ്ടി സ്റ്റാര്‍ട്ടാക്കുമ്പോള്‍ ഞാന്‍ പിന്നില്‍ നിന്നു വിളിച്ചു പറഞ്ഞു.

എത്ര പറഞ്ഞിട്ടും കാര്യമില്ല. സദ്യക്കുപോകുമ്പോള്‍ ആരും പൊതിച്ചോറിനെക്കുറിച്ചു ചിന്തിക്കില്ലല്ലോ? ഈ പിന്നില്‍ നിന്നു വിളിച്ചു പറഞ്ഞതിനെങ്കിലും എന്തെങ്കിലും ഫലം ഉണ്ടാകുമോ? ആര്‍ക്കറിയാം.

മിനി പ്രോജക്റ്റ്‌ സമര്‍പ്പിക്കേണ്ട കാലമെത്തി. സമര്‍പ്പിക്കേണ്ട അവസാന ദിവസം കഴിയുമ്പോഴേ എല്ലാവര്‍ക്കും സ്വന്തം അവസ്ഥയെക്കുറിച്ച്‌ ബോധം ഉണ്ടാകൂ. പഠനകാലത്ത്‌ ലാറ്ററല്‍ എന്‌ട്രിക്കാരനു (രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ്‌ ക്ലസ്സിലേക്കു നേരേ കയറിയ ഡിപ്ലോമാക്കാരന്‍) രാജാവാകാന്‍ കിട്ടുന്ന ചുരുക്കം അവസരങ്ങളിലൊന്നാണ്‌ ഈ സമയം. ബിമലതു പ്രയോജനപ്പെടുത്തി മുന്നോട്ടു പോകുന്നു. ആ സമയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു ക്ലാസ്സിലെ ആണ്‍കുട്ടികളോട്‌ ഭയങ്കര സ്നേഹവും ബഹുമാനവുമാണ്‌. ബിമലിന്റെ യാത്രയും ആ വഴിക്കാണു. ഇന്നിനി തിരിച്ചെത്തുമോ എന്തോ?

ഞാന്‍ പാചക പരീക്ഷണങ്ങള്‍ക്കു തയ്യാറായി. പ്രഭാത ഭക്ഷണം ഉണ്ടാക്കി കഴിച്ചു കഴിഞ്ഞു അരി അടുപ്പത്തുമിട്ട്‌ ഞാന്‍ കാത്തിരുന്നു. കറിക്കുള്ളസാധനങ്ങളവന്‍ വാങ്ങിക്കൊണ്ടു വരാതിരിക്കില്ല(?).

ബിമലിന്റെ ശകടത്തിന്റെ ശബ്ദത്തിനായി കാതോര്‍ത്തിരിക്കെ ശബ്ദം കേട്ടതു ഫോണില്‍ നിന്നാണ്‌.

ഫോണെടുത്തെപ്പോള്‍ മറുതലക്കലില്‍ നിന്നും ഇങ്ങനെ മൊഴിഞ്ഞു.

"ബിമല്‍ താമസിക്കുന്ന വീടല്ലെ?"

"അതെ", ഞാന്‍ പറഞ്ഞു.

- അവന്റെ മൊബൈല്‍ നമ്പറാണൊ ഇനി ചോദിക്കുക. ഞാന്‍ ആകെ അസ്വസ്തനായി. റൂമില്‍ മൂന്നുനാലുപേര്‍ക്കു മൊബൈല്‍ ഫോണ്‍ ഉണ്ട്‌. ഒന്നിന്റെയും നമ്പര്‍ എനിക്കറിയില്ല. -

നിങ്ങളാരാ? എവിടെനിന്നു വിളിക്കുന്നു? ഞാന്‍ ചോദിച്ചു.

- ആളെയറിഞ്ഞാല്‍ പിന്നെ അവനെത്തിയിട്ടു തിരിച്ചു വിളിക്കും എന്നു പറഞ്ഞൊഴിയാമല്ലോ? -

ഞാന്‍ ബിമലിന്റെ ഫോണില്‍ നിന്നാണ്‌ വിളിക്കുന്നത്‌. ഏഴാം മൈലില്‍ നിന്നാണ്‌.

- എനിക്കു സമാധാനമായി. എന്റെയടുക്കല്‍ ആരുടെയും നമ്പര്‍ ചോദിച്ചില്ലല്ലോ? -

"ഒരു ചെറിയ അപകടമുണ്ടായി. ബിമലിന്റെ വണ്ടി ഒരു ലോറിയുടെ പിറകില്‍ തട്ടി. കുഴപ്പമൊന്നുമില്ല. ഞങ്ങള്‍ ബിമലിനെയും കൊണ്ട്‌ ആശുപത്രിയിലേക്കു പോകുകയാണ്‌". കാര്യങ്ങള്‍ പറഞ്ഞു ഫോണ്‍ വെച്ചു.

എന്റെ ആശ്വാസം അസ്വസ്ഥതയിലെക്കു വഴിമാറി. പകുതി വെന്ത അരി ഇറക്കി വെച്ചു ഞാന്‍ ആശുപത്രിയിലേക്കു വെച്ചുപിടിച്ചു.

അപകടം നടന്നാല്‍ സംഭവിക്കാവുന്ന വിവിധ അവസ്ഥകളെ പോകുന്നവഴിക്കു ബൈക്കിലിരുന്നു തന്നെ ഞാന്‍ മനസ്സില്‍ കണ്ടു. അവന്റെ സാധാരണ സ്പീഡും ലോറിയുടെ ബാക്കും തമ്മിലുള്ള ചേര്‍ച്ച വെച്ചുനോക്കിയാല്‍ ഇറച്ചിയില്‍ മാത്രം മണ്ണുപറ്റാനുള്ള സാധ്യത വളരെ കുറവാണ്‌. പണ്ടൊരിക്കല്‍ സൈക്കിളില്‍ പോയ എന്നെ പിന്നാലെ വന്ന കാര്‍ തട്ടിയതിന്റെ ഓര്‍മ്മകള്‍ എന്റെ ചിന്തകള്‍ക്കു നിറം പകര്‍ന്നു.

വളരെ പ്രതീക്ഷയോടെ, പ്രതീക്ഷാഭാരത്തിന്റെ തളര്‍ച്ചയോടെ ഞാന്‍ ആശുപത്രിപടികള്‍ ചവിട്ടിക്കയറി.

റിസപ്ഷനിലിരുന്ന് ചിരിച്ചു കാണിച്ച പെണ്‍കുട്ടിയോടു ഞാന്‍ അത്യാഹിത വിഭാഗം എവിടെയെന്നു തിരക്കി.

"ബിമലിനെ അന്വേഷിച്ചുവന്നതാണോ?" എന്ന മറു ചോദ്യമായിരുന്നു മറുപടി.

'അതെ', എന്ന എന്റെ ഉത്തരത്തിനുപിന്നാലെയവര്‍ അടുത്ത മുറിക്കു നേരെ വിരല്‍ചൂണ്ടി.

അവിടെ വളരെയൊന്നും ആള്‍ക്കാരെ കാണാഞ്ഞതിനാല്‍ ഇന്നത്തെ അവരുടെ ഇര അവനാണെന്നു മനസ്സിലായി. ചുമ്മാതല്ല, അര മണിക്കൂറു മുന്‍പു എത്തിയ രോഗിയുടെ പേരുപോലും മറന്നു പോകാതിരുന്നത്‌.

അവര്‍ കൈ ചൂണ്ടിയ സ്ഥലത്തേക്കു ഞാന്‍ നോക്കി.

"മൈനര്‍ തിയേറ്റര്‍......"

പ്രതീക്ഷകളുടെ ഭാരം ഒഴിഞ്ഞു തുടങ്ങുന്നതു ഞാനറിഞ്ഞു. അവിടെ കുറെ മാലാഘമാര്‍ക്കു നടുവില്‍ വെട്ടിയിട്ട തെങ്ങിന്‍ തടിപോലെ അവന്‍ കിടക്കുന്നു.

ഞാന്‍ അടുത്തേക്കു ചെന്നു. സകല പ്രതീക്ഷയും അസ്തമിച്ചു. വലിയ പ്രശ്നങ്ങളൊന്നും തന്നെയില്ല. ഗോപികമാര്‍ക്കു നടുവില്‍ കൃഷ്ണനെന്നപോലെ മസിലും പെരുപ്പിച്ചു കിടക്കുന്നു. ഇവന്‍ വീണതു തന്നെ ഇതിനായിരുന്നോ എന്നു ഞാന്‍ സംശയിച്ചു പോയി.

അവനെ എടുത്തുകൊണ്ടുവന്ന നാട്ടുകാര്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നു. അവരെന്നോട്‌ സംഭവം വിവരിച്ചു. പിന്നെ ഇത്രയും കൂടി കൂട്ടിച്ചേര്‍ത്തു. "ഒന്നുകില്‍ അവന്‍ നേരേ ചൊവ്വേ വണ്ടിയോടിക്കണം. ഇല്ലെങ്കില്‍ അവന്റെ ശരീരഭാരം കുറക്കണം, എന്തൊരു മുടിഞ്ഞ വെയ്റ്റാ... ഇല്ലെങ്കില്‍ അടുത്ത പ്രാവശ്യം അവന്റെ കാലു ഞങ്ങള്‍ തല്ലിയൊടിക്കും". അവര്‍ ഇപ്പോഴും ഒരു നല്ല അപകടത്തിന്റെ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നതായി മനസ്സിലായി.

അത്രയും നേരം പാവത്തിനെ പോലെ നിന്ന നാട്ടുകാരിലൊരാള്‍ എന്റെയടുത്തു വന്നു വളരെ താഴ്മയായി ഇത്രയും കൂടി പറഞ്ഞു. "നീയും ഒരു വണ്ടി കൊണ്ടു നടക്കുന്നുണ്ടല്ലോ? അവിടെയെങ്ങാന്‍ വെച്ചു എന്തെങ്കിലും സംഭവിച്ചാല്‍ നിന്റെ കാലും തല്ലിയൊടിക്കും". എന്തൊരു സ്നേഹം. ഞാന്‍ അറിയാതെ കാലില്‍ തപ്പിപ്പോയി.

രോഗിയെ സന്ദര്‍ശിക്കാന്‍ ക്ലാസ്സിലുള്ള ഓരോരുത്തരായി എത്തി തുടങ്ങി. ഇത്രയധികം സന്ദര്‍ശകര്‍ അന്നേവരെ അവിടെ വന്നിട്ടില്ല എന്നു മാലാഘമാരുടെ മുഖഭാവം കണ്ടപ്പോള്‍ തോന്നി. വന്നപ്പോഴുള്ള പ്രതീക്ഷ തിരിച്ചു പോകുന്ന സന്ദര്‍ശകരില്‍ ഒരാളുടെയും മുഖത്തു ഉണ്ടായിരുന്നില്ല. ആരെങ്കിലും എന്തെങ്കിലുമൊക്കെ കൊണ്ടുവരാതിരിക്കില്ല എന്നു കരുതി കൂട്ടിരുന്ന എന്റെ പ്രതീക്ഷകളും അസ്ഥാനത്തായി.

വേണ്ടിവന്നാല്‍ ഒന്നു കരയാനായി പെണ്‍കുട്ടികള്‍ വാങ്ങിക്കൊണ്ടുവന്ന ഗ്ലിസറിന്‍ കുപ്പികള്‍ അടുത്ത കലോത്സവത്തിനു അവര്‍തന്നെ വിറ്റ്‌ തീര്‍ത്തു എന്നു ചില വക്രദൃഷ്ടിക്കാര്‍ പറയുന്നതും പിന്നീട്‌ കേട്ടിട്ടുണ്ട്‌.

ഇനിയെന്ത്‌? എന്ന ചിന്തയുമായി ഞാന്‍ വരാന്തയില്‍ നില്‍ക്കുമ്പോള്‍ കൊച്ചു വിഷ്ണു അച്ഛന്റെ കയ്യും പിടിച്ച്‌ അകത്തേക്കു പോകുന്നത്‌ കണ്ടു. ക്ലാസ്സുള്ളപ്പോഴായിരുന്നെങ്കില്‍ തീര്‍ച്ചയായും അവനും ബിമലിന്റെ കൂടെ കാണുമായിരുന്നു. ബിമലിന്റെ വണ്ടിയുടെ ബാക്ക്‌സീറ്റിന്റെ ഭാഗമായി അവന്‍ മാറിയിട്ടു ഏറെക്കാലമായി.

അച്ഛന്റെ വിരലില്‍ തൂങ്ങി അകത്തേക്കുപോയ അവനെ, ബിമലും മാലാഘമാരും കൂടി തൂക്കിയെടുത്തു കൊണ്ടു പുറത്തേക്കു കൊണ്ടുവരുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. തന്റെ വിരലിലെ, മകന്റെ പിടി അയയുന്നതു മനസ്സിലാക്കിയ അച്ഛന്‍ അവനെ താങ്ങി പിടിച്ചപ്പോഴേക്കും അവന്റെ ബോധം മറഞ്ഞിരുന്നുവത്രെ. അടുത്ത മുറിയില്‍ കിടത്തി കുറച്ച്‌ വെള്ളം കുടഞ്ഞു ബോധം വരുത്തി ട്രിപ്പുമിട്ടിട്ടു തിരിഞ്ഞു ഡോക്റ്റര്‍ അവന്റെ അച്ഛനു ഒരു ചെറിയ ഉപദേശവും നല്‍കി.

"ആശുപത്രീടെ മണമടിക്കുമ്പോഴെ ബോധം കെടുന്ന കൊച്ചു പിള്ളേരേംകൊണ്ടു ഇനിയെങ്കിലും ആശുപത്രിയില്‍ പോയി രോഗിക്കു ബുദ്ധിമുട്ടുണ്ടാക്കരുത്‌".

ഒരിക്കലും മറഞ്ഞു കണ്ടിട്ടില്ലാത്ത മുഖത്തെ ചിരിക്കു അല്‍പ്പം മങ്ങലുണ്ടായെങ്കിലും അതും മറച്ചുകൊണ്ട്‌ കൊച്ചുവിഷ്ണുവിന്റെ ചെവിയില്‍ പിടിച്ചുകൊണ്ട്‌ അച്ഛനും, അച്ഛന്റെ കയ്യില്‍ പിടിച്ചുകൊണ്ട്‌ കൊച്ചുവും പതിയെ നടന്നു നീങ്ങി.

ബിമലിന്റെ കിടപ്പുകണ്ടിട്ടാണോ, കൂട്ട്‌ കിടക്കാനുള്ള ആഗ്രഹമാണോ, തന്റെ പ്രതീക്ഷ അസ്ഥാനത്തായതിന്റെ ആഘാതമാണോ ആ ബോധക്ഷയത്തിനു പിന്നിലെന്നു ഇന്നും അവന്‍ പറഞ്ഞിട്ടില്ല.

Friday, January 15, 2010

കോടതിയിലെത്തിയ വണ്ടി മുതലാളി

നല്ല വണ്ടികളെ(?) കണ്ടാലൊന്നു മുട്ടാതെ പോകില്ലിവന്‍ . ഇപ്പോള്‍ തന്നെ മൂന്നുവണ്ടികള്‍ സ്വന്തം. കയ്യിലിരിക്കുന്ന കാലിബര്‍ ബൈക്ക് കൈയ്യിലിരിപ്പുപോലെ പ്രസിദ്ധന്‍ . പണ്ടേ ബുള്ളറ്റ് പ്രിയനായിരുന്നതിനാല്‍, ശരീരത്തിന്റെ വലിപ്പം ബുള്ളറ്റിനോളമായപ്പോള്‍ അതുമൊരണ്ണമൊപ്പിച്ചു.

ഇവിടെ ‘ലിമിറ്റഡ് എഡിഷന്‍ അക്സന്റ് കാറായ‘ മൂന്നാമനാണു താരം. വണ്ടി മോഡിഫിക്കേഷന്‍ ഒരു ഹരമായപ്പോള്‍, ഇന്നേവരെ രാത്രിയില്‍ റോഡ് കണ്ടിട്ടില്ലാത്ത കാറിന്റെ തലയിലും താഴെയും ചുറ്റിലുമൊക്കെ ഫോഗ് ലൈറ്റുകളും സ്റ്റിക്കറുകളും കണക്കില്ലാതെ കയറിയിരുന്നു. കണ്ടാല്‍ ഏതോ ചട്ടമ്പി പിള്ളേരുടേതെന്നു ഒറ്റനോട്ടത്തില്‍ തന്നെ തോന്നുന്ന വണ്ടി.

പാലായിലെ ടാറ് വീഴാത്ത വഴികളിലൂടെ പകലുകളില്‍ മാത്രം പൊടിപറത്തി പാഞ്ഞിരുന്ന വണ്ടി, ഒരു ദിവസം പോലീസ് ജീപ്പിനു സൈഡ് കൊടുക്കാതിരുന്നപ്പോള്‍ പോലീസ് പൊക്കി, ബുക്കും പേപ്പറും മറ്റുപല പേപ്പറുകളും കാണിച്ചിട്ടും വഴങ്ങാതെ പണമടക്കാന്‍ കോടതിയിലെത്താന്‍ എഴുതിക്കൊടുത്തവര്‍ പോയി.

ഒടുവില്‍ കോടതി മുറിയില്‍ ......

കുടുംബത്തിനേയും അപ്പൂപ്പനേയും അച്ചനേയുമൊക്കെ വിളിച്ചുതുടങ്ങിയ ചോദ്യം ഒടുവില്‍ ഇങ്ങനെയവസാനിച്ചു.
ഹാജരുണ്ടോ? ഹാജരുണ്ടോ? ഹാജരുണ്ടോ?.....

പ്രതി കൂട്ടില്‍ കയറി നിന്നു.

കുറ്റപത്രം വായിച്ചു തുടങ്ങി.

അനാവശ്യവും തീവ്രത കൂടിയതുമായ പ്രകാശം വമിപ്പിക്കുന്ന തരം നിരവധി വിളക്കുകള്‍ നിയമ വിരുദ്ധമായി പ്രതി വാഹനത്തില്‍ ഘടിപ്പിച്ചിരുന്നതിനാല്‍ മോട്ടോര്‍ വാഹന നിയമപ്രകാരം ............ “ .

കേസിന്റെ നമ്പരും നിയമവകുപ്പുകളും ചേര്‍ന്ന വായനതീര്‍ന്നപ്പോള്‍ കോടതി പ്രതിയോട് ഇങ്ങനെ ആരാഞ്ഞു.

പ്രതി കുറ്റം ചെയ്തതായി സമ്മതിക്കുന്നുണ്ടോ?
അല്‍പ്പനേരത്തെ മൌനം, പിന്നീട് കളമൊഴിയൊഴുകി.
“ഉവ്വു സര്‍, പക്ഷെ......” വാക്കുകള്‍ പാതിയില്‍ നിന്നുപോയി. ദൈന്യതയാര്‍ന്ന മുഖം പതിയെ കുനിഞ്ഞു.

എന്താണെങ്കിലും മടിക്കണ്ട, തെളിച്ചു പറയൂ..... കോടതിയുടെ പ്രോത്സാഹനം.
“കുറ്റം ചെയ്തിട്ടുണ്ട്‍‍, പക്ഷെ കണക്ഷന്‍ കൊടുത്തിട്ടില്ല സാര്‍ ......‍” പ്രതിയുടെ നിഷ്കളങ്കമായ മറുപടി.

Tuesday, November 24, 2009

ബിമലിന്റെ കാലിബർ

കോളേജിലെത്തിയിട്ടു ഏറെ ദിവസങ്ങളായിട്ടില്ല. ആദ്യ സീരീസിന്റെ തലേന്നാണ് അഡ്മിഷന്‍ കിട്ടിയത്. എങ്കില്‍ അതു കഴിഞ്ഞിട്ടു ക്ലാസ്സില്‍ കയറാമെന്നങ്ങ് കരുതി. അങനെ ഐശ്വര്യമായി ആദ്യ പരീക്ഷ തന്നെ ഒഴിവാക്കികൊണ്ട് പുതിയ അദ്ധ്യയനം ആരംഭിച്ചു.

ഇനി ക്ലാസ്സില്‍ കയറിയേക്കാമെന്നു കരുതിയപ്പോഴാണ് കുട്ടികള്‍ ടൂറിനു പോയിക്കഴിഞ്ഞെന്ന വിവരം അറിയുന്നതു. ക്ലാസ്സിലൊന്നു കയറാന്‍ കൊതിയായങ്ങനെ അസ്വസ്ഥമായി തെണ്ടിത്തിരിഞ്ഞു നടക്കുമ്പോഴാണ് ‘കാലിബര്‍ ബൈക്കി‘ലൊരു തടിമാടന്‍ മുന്നില്‍ വന്നു നിന്നത്. അറിയാതെ ഞാനൊന്നു വണങ്ങി മാറി നിന്നു.

(എന്റെ വാപ്പ ഒരു അദ്ധ്യാപകനായിരുന്നതിനാല്‍ അദ്ധ്യാപകരെ കാണുമ്പോള്‍ അറിയാതെ നമിച്ചു പോകും.)

ബൈക്കില്‍ തന്നെയിരുന്നദ്ദേഹമെന്നെ അരികത്തു വിളിച്ചു.
ഭവ്യതയോടെ ഞാന്‍ അരികത്തു ചെന്നു.

“താന്‍ എസ്ത്രീ ഈസിയല്ലെ?” ഘന ഗംഭീരമായ ശബ്ദം.
ചോദിച്ചതെന്തെന്നു മനസ്സിലായില്ല. ഇവിടുത്തെ ഭാഷ എന്താണോയെന്തോ?

ഇനി വല്ല മറുഭാഷക്കാരനുമാണോ? കണ്ടിട്ടൊരു കാപ്പിരി ലുക്ക് ഇല്ലാതില്ല.

വാട്ട്? ഞാന്‍ ചോദിച്ചു.

ഇയ്യ് ഇലക്ട്രോണിക്സില്‍ മൂന്നാം സെമ്മില്‍ പഠിക്കാന്‍ വന്നതല്ലെ? അന്റെ പേരെന്താ? പറച്ചിലില്‍ ഒരു മലപ്പുറം ടച്ച്.

ഇര്‍ഷാദ്. ഞാന്‍ പേരു പറഞ്ഞു.

ഞാന്‍ ബിമല്‍. വീട് പാല. മുമ്പ് മലപ്പുറം മഞ്ചേരിയിലായിരുന്നു.
തന്റെ ക്ലാസ്സില്‍ തന്നെയാ, ലാറ്ററലെണ്‍‌ട്രി തന്നെ.....

ഞാന്‍ ആഹ്ലാദംകൊണ്ട് നിശ്ശബ്ദനായി.
ഞാനായിരിക്കും ഇവിടെ മൂത്താപ്പ എന്നു കരുതിയിരിക്കുകയായിരുന്നു.
ഇപ്പോള്‍ എനിക്കു സമാധാനമായി. ഒപ്പം ഭയവും.
ഇവന്റെയൊക്കെ കൂടെ വേണോ ഈശ്വരാ പഠിക്കാന്‍?

റൂമുണ്ടോ? ബാസ്സ് ഒട്ടും കുറക്കാതെ അടുത്ത ചോദ്യം.
ഇവനാള് പെശകാന്നാ തോന്നുന്നെ. മലപ്പുറത്തൊക്കെയായിരുന്നെന്നു പറയുന്നുമുണ്ട്.
പിന്നെ, ഒരു വിദ്യാര്‍ത്ഥിയുടെ ശബ്ദത്തിനു ഇത്രക്ക് ബാസ്സ് വേണോ? ഒരു സംശയം.

എന്തിനാ?
താമസിക്കാന്‍ തന്നെ. മറുപടി

ഓഹോ !! വണ്ടിയുമായി റൂം തെണ്ടിയിറങ്ങിയതാണല്ലേ?

ങാ, വണ്ടി പോട്ടെ........., ഞാന്‍ അവന്റെ വണ്ടിക്കു പിന്നില്‍ കയറി.

ഒന്നെര കിലോമീറ്റര്‍ മലകയറ്റം കഴിഞ്ഞാലാണ് ഇലക്ട്രോണിക്സ് ബ്ലോക്കിലെത്തുക. അങ്ങനെ വിയര്‍ത്തു കുളിച്ചു വന്നു വിശ്രമിക്കുമ്പോഴാണ് വണ്ടിയുമായൊരുത്തന്റെ വരവു. സമാധാനമായി. ഇവനെ ഞാന്‍ എന്റെ റൂമ്മേറ്റാക്കിയിരിക്കുന്നു.

അതുകൊണ്ട് രണ്ടുണ്ടു ഉപകാരം. യാത്രക്കൊരു വണ്ടിയും. നമുക്കു കയ്യിലിരിപ്പു കാരണം വഴിയില്‍ നിന്നും കിട്ടുന്നതു വാങ്ങാന്‍ വിശാലമായ ഒരു പുറവും.

അങ്ങനെ ബിമല്‍ റൂമില്‍ അന്തേവാസിയായി വന്നെത്തി.

ബിമലിന്റെ ബൈക്കിന്റെ പിന്നിലിരുന്നു ഞാന്‍ കോളേജില്‍ പോക്കും വരവും നടത്തിവരവെ, കോളേജിന്റെ സ്വന്തം ഉത്സവം ‘വെര്‍ച്യൂസോ’ വന്നെത്തി. കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലാണ് അങ്കം.

അന്നേ ദിവസം വായില്‍നോട്ടമല്ലാതെ നമുക്ക് പ്രത്യേകിച്ചു പണിയൊന്നുമില്ല. നമുക്കു ആരെയും പരിചയമില്ലാത്തതിനാലും, നമ്മളെ ആര്‍ക്കും പരിചയമില്ലാത്തതിനാലും നാട്-ക്ലാസ്സ്-ടീച്ചര്‍-കുട്ടി-രക്ഷകര്‍ത്താവ് വ്യത്യാസമില്ലാതെ നോക്കി സംരക്ഷിച്ചു നിന്നു. പോളി കഴിഞ്ഞു വന്ന മുപ്പത്താറ് പൊളികള്‍ എന്ന കാഴ്ചപ്പാടില്‍ ചില ടീച്ചേഴ്സും കുട്ടികളും ബഹുമാനിച്ചു. മറ്റു ചിലര്‍ കുട്ടികളുടെ രക്ഷകര്‍ത്താക്കന്മാര്‍ എന്ന വിചാരത്തില്‍ സ്നേഹാദരങ്ങളര്‍പ്പിച്ചു കടന്നു പോയി.

പരിപാടികളൊക്കെ കെങ്കേമം. സിനിമാറ്റിക് ഡാന്‍സും ഫാഷന്‍ഷോയുമൊക്കെ മുറ്റു ഷോ തന്നെ. പരിപാടി കഴിഞ്ഞപ്പോള്‍ രാത്രി വളരെ വൈകി. മഴക്കു സാദ്ധ്യതയുണ്ട്. തുച്ഛമായ ബസ്സുകള്‍, മോശമല്ലാത്ത എണ്ണം കുട്ടികളോടൊപ്പം യാത്രക്കു തയ്യാറായി നില്‍ക്കുന്നു. ആദ്യം പെണ്‍കുട്ടികളെ ഹോസ്റ്റലിലാക്കി ബസ്സുകള്‍ ആണ്‍കുട്ടികള്‍ക്കായി തിരിച്ചെത്തും. ബിമലിന്റെ വണ്ടിയുള്ളതിനാല്‍ മഴ കൊണ്ടാലും തള്ളുകൊള്ളാതെ എനിക്കു പോകാം എന്നതിനാല്‍ ഞാന്‍ കാത്തു നിന്നു.

ഡ്രൈവര്‍മാര്‍ വണ്ടി സ്റ്റാര്‍ട്ടാക്കി. ബിമലും.....

പിന്നെ ബിമി ബസ്സുകളെ വലം വെച്ചു, വണ്ടിയൊന്നു ഇരപ്പിച്ചു, സര്‍വ്വരുടെയും ശ്രദ്ധയെ തന്നിലേക്കാകര്‍ഷിച്ചു, പുഷ്പം പോലെ വണ്ടി ഒറ്റവീലില്‍ നിര്‍ത്തി അഭ്യാസം. പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന വണ്ടിക്കുമുന്നില്‍ ഇവനിപ്പോള്‍ തേങ്ങയുടക്കും എന്നു കരുതി ഞാന്‍ ശ്വാസം പിടിച്ചു നിന്നു.

എന്തായാലും അന്നു ഭാഗ്യത്തിനു ഇറച്ചിയില്‍ മണ്ണു പറ്റിയില്ല.

ഇവനാളുകൊള്ളാമല്ലോ? ഇന്നു ഇവന്റെ കൂടെത്തന്നെ പോകണം. നല്ല എക്സ്പെര്‍ട്ട് ഡ്രൈവറായതിനാല്‍ ഒന്നും പേടിക്കാനില്ല. പാതിരാത്രിയാണെങ്കിലും കൂരിരുട്ടാണെങ്കിലും മഴയിത്തിരികൊണ്ടാലും സാരമില്ല. ബിമലിന്റെ കൂട്ടാളിയാണെന്നു നാലുപേരറിയുമല്ലോ?

അങ്ങനെ ഡ്രൈവര്‍മാര്‍ വണ്ടി വിട്ടു.

ലേഡീസ് പോയിക്കഴിഞ്ഞിട്ട് അഭ്യാസം കാട്ടിയിട്ടെന്തു കാര്യം? ബിമലും വണ്ടി വിട്ടു.
പിന്നില്‍ ഞാന്‍ പറന്നു പോകാതെ മുറുകെ പിടിച്ചിരുന്നു.

അകത്തു പെണ്‍കുട്ടികളായതിനാലാകണം ബസ്സ് അതിന്റെ ഫുള്‍ സ്പീഡില്‍ പാഞ്ഞു. സാധാരണ 10 കിലോമീറ്റര്‍ സ്പീഡില്‍ പോകുന്ന ബസ്സ് ഒഴിഞ്ഞ വീഥിയില്‍ കൂടി ഇപ്പോള്‍ 20-25 കി.മീ സ്പീഡില്‍ നീങ്ങുന്നു. ബിമലാണെങ്കില്‍ തന്റെ ജീവിതത്തിലെ ഏറ്റവും കുറഞ്ഞ സ്പീഡില്‍ (ബസ്സിന്റെ അതേ സ്പീഡില്‍) ആ ഫുള്‍ ലോഡ് ബസ്സുകളെ സംരക്ഷിച്ചു മുന്നിലും പിന്നിലുമൊക്കെയായി നീങ്ങി.

അതായിരുന്നു കെ. കെ റോഡിനെ അത്ഭുതപ്പെടുത്തിയ രാത്രി. അര്‍. ഐ. റ്റി. ബസ്സുകളുടെ കൂടിയ സ്പീഡും ബിമലിന്റെ കുറഞ്ഞ സ്പീഡും ഒരുമിച്ചു കണ്ട പുളകത്താല്‍ പ്രകൃതി അനുഗ്രഹം ചൊരിഞ്ഞു. കോരിച്ചൊരിയുന്ന മഴ....., വീശിയടിച്ച കാറ്റത്തു ഒടിഞ്ഞു വീഴാന്‍ തയ്യാറായി റോഡ്സൈഡിലെ റബ്ബര്‍ മരങ്ങള്‍ ഞങ്ങളെ നമിച്ചു.

ബിമള്‍ തന്റെ കൂടിയ സ്പീഡിലേക്കും, ബസ്സുകള്‍ കുറഞ്ഞ സ്പീഡിലേക്കും ഗിയറുകള്‍ മാറ്റി.
ബസ്സുകള്‍ വളരെ പിന്നിലായി. ഞാന്‍ മഴ നനയാതെ ബിമലിനു പിന്നില്‍ മറഞ്ഞിരുന്നു.

സ്ഥലം മണര്‍ക്കാട്. ഇനിയും നാലഞ്ചു കിലോമീറ്റര്‍ പോകണം. പെട്ടെന്നു വണ്ടി നിന്നു പോയി. ബസ്സുവരാന്‍ കാത്തു നില്‍ക്കാനുള്ള തന്ത്രമാണതെന്നു ഞാനാദ്യം കരുതി. മഴ കണ്ടാല്‍ വണ്ടിക്കുള്ള സ്ഥിരം അസുഖമാണതെന്നു കേട്ടപ്പോള്‍ ഞാനാകെ തകര്‍ന്നു പോയി.

അങ്ങനെ വണ്ടി തള്ളിത്തുടങ്ങി. നല്ല മഴയായതിനാല്‍ ഒട്ടും വിയര്‍ത്തില്ല. അപ്പോള്‍ ദൂരെ കോളേജ് ബസ്സുകള്‍ പ്രത്യക്ഷപ്പെട്ടു. ഞങ്ങള്‍ മൂന്നു ബസ്സും പോകുന്നതു വരെ റോഡ് സൈഡിലെ കുറ്റിക്കാട്ടില്‍ മൂത്രമൊഴിച്ചിരുന്നു.

പിന്നെ വണ്ടി തള്ളല്‍ തുടര്‍ന്നു.

“എഡാ, ഇവിടെവിടെങ്കിലും നിന്നു നമുക്കു കുറച്ചു മഴ കൊള്ളാം. അങ്ങനാണെങ്കില്‍ ഇവിടുത്തെ മഴ മാത്രം കൊണ്ടാല്‍ മതിയല്ലോ? വെറുതെയെന്തിനാ മണര്‍ക്കാട് മുതല്‍ ഏഴാമ്മൈല്‍ വരെയുള്ള മഴ കൊള്ളുന്നതു?” വണ്ടി തള്ളുന്നതിന്നിടയില്‍ ബിമലിന്റെ തമാശ.

ആ കരടി പോലുള്ള ദേഹത്തിനുള്ളിലുമൊരു ലോല ഹൃദയമുണ്ടെന്നു അന്നെനിക്കു മനസ്സിലായി.
അതുകൊണ്ട് അവനെ ഞാനൊന്നും ചെയ്തില്ല. ലോല ഹൃദയം കണ്ടിട്ടല്ല, ദേഹം കണ്ടിട്ടു.

ആണ്‍കുട്ടികളെ വിളിക്കാന്‍ ബസ്സുകള്‍ വീണ്ടും കോട്ടയത്തേക്കു പോകുന്നു. ഞങള്‍ വീണ്ടും മുള്ളാനായി വഴിവക്കിലിരുന്നു.

പകലല്ലാത്തതായിരുന്നു ആകെ സമാധാനം. പക്ഷെ ദൈവം ഫോട്ടോയെടുത്തുകൊണ്ടേയിരുന്നു. ആണ്‍ കുട്ടികളെ കയറ്റി ഇപ്പോള്‍ വണ്ടി ഇങ്ങെത്തും. അവന്മാര്‍ കണ്ടാല്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല. എന്തൊക്കെ അഭ്യാസങ്ങള്‍ കാണിച്ചിട്ടാ വന്നതു?

ബസ്സില്‍ കയറിയിരുന്നെങ്കില്‍, ഇത്തിരി തള്ളുകൊണ്ടാലും, മഴ നനയാതെ, വണ്ടി തള്ളാതെ വീട്ടിലെത്താമായിരുന്നു. ബെന്‍സീര്‍ ബിമലിന്നു പിന്നില്‍ കയറാന്‍ പരമാവധി ശ്രമിച്ചതായിരുന്നു. പക്ഷെ എന്തു ചെയ്യാം. ഇതു എന്റെ യോഗം.

കയറ്റത്തിനു ശേഷം ഒരിറക്കമുണ്ടാകും എന്നതാണ് കെ. കെ റോഡില്‍ വണ്ടി തള്ളുമ്പോഴുള്ള ഏക ആശ്വാസം. ഇറക്കത്തില്‍ ഞങള്‍ വണ്ടിയില്‍ കയറിയിരിക്കും. പഴയ കഴുതക്കഥ പോലെ. കുറച്ചു സമയം ഞങള്‍ വണ്ടി വഹിക്കും. പിന്നെ അതു ഞങ്ങളെയും.

മഴ കുറഞ്ഞു. ദൂരെ വണ്ടിയുടെ വെളിച്ചം. വീണ്ടും മുള്ളാന്‍ സമയമായി. ഞങ്ങള്‍ കുറ്റിക്കാട് തേടി നീങ്ങി. പക്ഷെ അപ്പോഴേക്കും വണ്ടി അടുത്തെത്തി. ബസ്സില്‍ നിന്നും നിര്‍ത്താത്ത കൂവലുകള്‍........

പിന്നെ ബസ്സില്‍ നിന്നും ബെന്‍സീര്‍ ഇറങ്ങി അടുത്തു വന്നു ചോദിച്ചു.
തള്ളണോ അളിയാ.....

Thursday, August 20, 2009

ബിമി കഥകള്‍- ചില ഉത്തരമില്ലാ ചോദ്യങ്ങള്‍!!

ചില ഉത്തരമില്ലാ ചോദ്യങ്ങള്‍

1. ബിമലിന്റെ വീട്ടില്‍ ഏറ്റവും അധികം ഭക്ഷണം കഴിക്കുന്നത്‌ ആര്?
a. ബിമല്‍
b. ബിമലിന്റെ അനുജന്‍
c. ബിമലിന്റെ ബുള്ളെറ്റ്
d. ബിമലിന്റെ ഹുണ്ടായി ആക്സന്റ്‌

2. ബിമലിന്റെ ബുള്ളെറ്റ് അവന്റെ , ഹുണ്ടായി അക്സെന്റിന്റെ പുച്ഛിക്കുന്നത് എന്തിനു ?
a. മൈലേജിന്റെ കാര്യം പറഞ്ഞു
b. പ്രായത്തെ ചൊല്ലി
c. പിക്ക് അപ്പിനെ ചൊല്ലി
d. വാങ്ങിയ വിലയുടെ കാര്യം പറഞ്ഞു

3. ബിമലിനു അവന്റെ ഇരട്ട പേരുകളില്‍ ഏറ്റവും ഇഷ്ടം ഏതു?
a. ബിമി
b. ലോലന്‍
c. കരടി
d. ബിമലിയോ

4. ബിമലിന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ
a. ദേവാസുരം
b. ദി കിംഗ്‌
c. കില്‍ ബില്‍
d. സോ -1

5. ബിമല്‍ കാശ് മുടക്കി ഏറ്റവും അധികം വാങ്ങി കൂട്ടുന്നത്‌ എന്ത് ?
a. ഭക്ഷണം
b. പുസ്തകം
c. പെട്രോള്‍
d. ബൈക്ക്

6. ബിമലിനു ഒന്നാം സെമസ്റ്റര്‍ എഞ്ചിനീയറിംഗ് എത്ര മാര്‍ക്ക്‌ ലഭിച്ചു?
a. പരീക്ഷ എഴുതി ഇല്ല
b. മാര്‍ക്ക്‌ ലിസ്റ്റ് കിട്ടിയില്ല
c. രണ്ടു വട്ടം തോറ്റു
d. ബിമല്‍ പോളി ടെക്നിക് ഒക്കെ പഠിച്ചതാ

7. ബിമലിന്റെ ബൈക്ക് ഒരു അമ്മുമ്മയെ ഇടിച്ചു. എന്നിട്ട് എന്തുണ്ടായി?
a. ബൈക്ക് അമ്മുമ്മയുടെ ദേഹത്ത് വീണു. ബിമല്‍ വീഴാഞ്ഞ കൊണ്ട് അമ്മുമ്മ രക്ഷപെട്ടു
b. അമ്മുമ്മയെ ബിമല്‍ ടാസ്കി വിളിച്ചു ഇരട്ടി വണ്ടി കൂലി നല്‍കി ആശുപത്രിയില്‍ ആക്കി
c. ഒന്നും പറ്റിയില്ല, അമ്മുമ്മ ഒരു ലിഫ്റ്റ്‌ ചോദിച്ചു
d. അത് അമ്മുമ്മയുടെ ഒരു സ്വപ്നം ആയിരുന്നു. അമ്മുമയുടെ പ്രായം ഉള്ള ഒരു ബുള്ളെറ്റ്, അതിനെക്കാള്‍ പ്രായം ഉള്ള ബിമല്‍

8. ബിമലിന്റെ ഏറ്റവും വല്യ ഗുണം
a. സ്വന്തം 'തടി' മറന്നു എണ്ണ തേക്കില്ല
b. ഒരു 'തീരുമാനം' എടുത്താല്‍ അത് നടപ്പാക്കും
c. ഒരു 'രോമം' പിഴുതല്‍ പോലും അറിയാത്ത ഏകാഗ്രത
d. അവന്റെ മാനേജര്‍ എത്ര തെറി പറഞ്ഞാലും എല്ലാം ശ്രദ്ധയോടെ കേട്ട് ഒരക്ഷരം തിരിച്ചു പറയാതെ മനസ്സില്‍ അയാളെ 'പൂവും കായും' ഇട്ട് പൂജിക്കും

9. ബിമലിനു ഏറ്റവും നന്നായി അറിയാവുന്ന വഴി
a. കോട്ടയം- പാലാ
b. മലപ്പുറം - മഞ്ചേരി
c. തിരുവനന്തപുരം ചാല - ബീമാ പള്ളി
d. വേണാട്‌ മുതല്‍ വഞ്ചിനാട് വരെ

10. ബിമലിനു ഏറ്റവും അധികം ശുഷ്കാന്തി വരുന്നത് ?
a. അടുത്ത കൊല്ലാതെ പരീക്ഷയുടെ തിയതി വരുമ്പോള്‍
b. പെട്രോളിന് വില കൂടുമ്പോള്‍
c. അവനു ഏറ്റവും ഇഷ്ടപ്പെട്ട സിനിമ കാണുമ്പോള്‍
d. ഒരു പുതിയ പ്രോജെക്ടില്‍ അവന്റെ പി എം പിടിച്ചു ഇടുമ്പോള്‍?

Friday, May 8, 2009

ഇന്നു പിറന്നാള്‍ ദിനം


ഈ പിറന്നാള്‍ ദിനത്തില്‍ നേരാം നമുക്കൊരായിരം ആശംസകള്‍............