Friday, November 19, 2010

സംഭവാമി യുഗേ യുഗേ...

പുലരിയുടെ വരവറിയിച്ചു കൊണ്ട്‌ പ്രകൃതിയുടെ അലാറം മുഴങ്ങി. അതുമാസ്വദിച്ചു കിടക്കവേ ആരോ കോഴിയുടെ കഴുത്തില്‍ കയറിപ്പിടിച്ചതുപോലെ ശബ്ദം പെട്ടെന്നു നിലക്കുകയും ചെയ്തു. പിന്നെ ഹല്‍..ല്ലാ... എന്ന ബിമലിന്റെ ശബ്ദം കേട്ടപ്പോഴാണ്‌ കോഴി കൂവിയതല്ല അവനു ഫോണ്‍ വന്നതാണ്‌ എന്നു മനസ്സിലായത്‌.

ക്ലാസ്സിലെ പെണ്‍കുട്ടികള്‍ക്കു ട്യൂഷനെടുക്കാന്‍ തുടങ്ങിയതില്‍ പിന്നെ ഇങ്ങനൊക്കെയാണ്‌. സമയവും അസമയവും നോക്കാതെ ഓരോരുത്തര്‍ വിളിച്ചുകൊണ്ടേയിരിക്കും. സ്വന്തമായിത്തന്നെ 'പരസഹായിപ്പട്ടം' നേടിയെടുത്തതിനാല്‍ വിളിക്കുത്തരം നല്‍കാതിരിക്കാനുമാവില്ല.

'കാലമാടന്‍ തുടങ്ങി' എന്നു പറഞ്ഞു കൊണ്ടുതന്നെ എല്ലാദിവസവും എണീക്കേണ്ടിവരുന്ന അവസ്ഥയിലെത്തി ഞാന്‍.

ഇന്നു അവധി ദിവസമാണെല്ലോ?

എണീക്കാനുള്ള സമയമായില്ലെന്നു മനസ്സിലാക്കി ഞാന്‍ വീണ്ടും പുതപ്പിനടിയിലെക്കു ചുരുണ്ടുകൂടി.

വിശപ്പിന്റെ വിളിമൂലമാണ്‌ പിന്നെയുണര്‍ന്നത്‌. ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ കാണുന്നത്‌ കുളിച്ചൊരുങ്ങി ഒരു പുയ്യാപ്ല രൂപത്തില്‍ നില്‍ക്കുന്ന ബിമലിനെയാണ്‌.

എങ്ങോട്ടാണാവോ രാവിലെ?

കോളേജില്‍ വരെ. അവന്‍ പറഞ്ഞു.

ഇന്ന് ശനിയാഴ്ച - അവധിയാണ്‌. ഞാന്‍ ഓര്‍മ്മിപ്പിച്ചു.

ഒരു കള്ളച്ചിരിയോടെ 'ട്യൂഷനുണ്ട്‌' എന്നു പറഞ്ഞവന്‍ നടന്നു നീങ്ങി.

"എന്തു പുല്ലാണെങ്കിലും കൊള്ളാം, ഉച്ചക്ക്‌ ഭക്ഷണം റെഡിയായിരിക്കണം" അവന്‍ വണ്ടി സ്റ്റാര്‍ട്ടാക്കുമ്പോള്‍ ഞാന്‍ പിന്നില്‍ നിന്നു വിളിച്ചു പറഞ്ഞു.

എത്ര പറഞ്ഞിട്ടും കാര്യമില്ല. സദ്യക്കുപോകുമ്പോള്‍ ആരും പൊതിച്ചോറിനെക്കുറിച്ചു ചിന്തിക്കില്ലല്ലോ? ഈ പിന്നില്‍ നിന്നു വിളിച്ചു പറഞ്ഞതിനെങ്കിലും എന്തെങ്കിലും ഫലം ഉണ്ടാകുമോ? ആര്‍ക്കറിയാം.

മിനി പ്രോജക്റ്റ്‌ സമര്‍പ്പിക്കേണ്ട കാലമെത്തി. സമര്‍പ്പിക്കേണ്ട അവസാന ദിവസം കഴിയുമ്പോഴേ എല്ലാവര്‍ക്കും സ്വന്തം അവസ്ഥയെക്കുറിച്ച്‌ ബോധം ഉണ്ടാകൂ. പഠനകാലത്ത്‌ ലാറ്ററല്‍ എന്‌ട്രിക്കാരനു (രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ്‌ ക്ലസ്സിലേക്കു നേരേ കയറിയ ഡിപ്ലോമാക്കാരന്‍) രാജാവാകാന്‍ കിട്ടുന്ന ചുരുക്കം അവസരങ്ങളിലൊന്നാണ്‌ ഈ സമയം. ബിമലതു പ്രയോജനപ്പെടുത്തി മുന്നോട്ടു പോകുന്നു. ആ സമയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു ക്ലാസ്സിലെ ആണ്‍കുട്ടികളോട്‌ ഭയങ്കര സ്നേഹവും ബഹുമാനവുമാണ്‌. ബിമലിന്റെ യാത്രയും ആ വഴിക്കാണു. ഇന്നിനി തിരിച്ചെത്തുമോ എന്തോ?

ഞാന്‍ പാചക പരീക്ഷണങ്ങള്‍ക്കു തയ്യാറായി. പ്രഭാത ഭക്ഷണം ഉണ്ടാക്കി കഴിച്ചു കഴിഞ്ഞു അരി അടുപ്പത്തുമിട്ട്‌ ഞാന്‍ കാത്തിരുന്നു. കറിക്കുള്ളസാധനങ്ങളവന്‍ വാങ്ങിക്കൊണ്ടു വരാതിരിക്കില്ല(?).

ബിമലിന്റെ ശകടത്തിന്റെ ശബ്ദത്തിനായി കാതോര്‍ത്തിരിക്കെ ശബ്ദം കേട്ടതു ഫോണില്‍ നിന്നാണ്‌.

ഫോണെടുത്തെപ്പോള്‍ മറുതലക്കലില്‍ നിന്നും ഇങ്ങനെ മൊഴിഞ്ഞു.

"ബിമല്‍ താമസിക്കുന്ന വീടല്ലെ?"

"അതെ", ഞാന്‍ പറഞ്ഞു.

- അവന്റെ മൊബൈല്‍ നമ്പറാണൊ ഇനി ചോദിക്കുക. ഞാന്‍ ആകെ അസ്വസ്തനായി. റൂമില്‍ മൂന്നുനാലുപേര്‍ക്കു മൊബൈല്‍ ഫോണ്‍ ഉണ്ട്‌. ഒന്നിന്റെയും നമ്പര്‍ എനിക്കറിയില്ല. -

നിങ്ങളാരാ? എവിടെനിന്നു വിളിക്കുന്നു? ഞാന്‍ ചോദിച്ചു.

- ആളെയറിഞ്ഞാല്‍ പിന്നെ അവനെത്തിയിട്ടു തിരിച്ചു വിളിക്കും എന്നു പറഞ്ഞൊഴിയാമല്ലോ? -

ഞാന്‍ ബിമലിന്റെ ഫോണില്‍ നിന്നാണ്‌ വിളിക്കുന്നത്‌. ഏഴാം മൈലില്‍ നിന്നാണ്‌.

- എനിക്കു സമാധാനമായി. എന്റെയടുക്കല്‍ ആരുടെയും നമ്പര്‍ ചോദിച്ചില്ലല്ലോ? -

"ഒരു ചെറിയ അപകടമുണ്ടായി. ബിമലിന്റെ വണ്ടി ഒരു ലോറിയുടെ പിറകില്‍ തട്ടി. കുഴപ്പമൊന്നുമില്ല. ഞങ്ങള്‍ ബിമലിനെയും കൊണ്ട്‌ ആശുപത്രിയിലേക്കു പോകുകയാണ്‌". കാര്യങ്ങള്‍ പറഞ്ഞു ഫോണ്‍ വെച്ചു.

എന്റെ ആശ്വാസം അസ്വസ്ഥതയിലെക്കു വഴിമാറി. പകുതി വെന്ത അരി ഇറക്കി വെച്ചു ഞാന്‍ ആശുപത്രിയിലേക്കു വെച്ചുപിടിച്ചു.

അപകടം നടന്നാല്‍ സംഭവിക്കാവുന്ന വിവിധ അവസ്ഥകളെ പോകുന്നവഴിക്കു ബൈക്കിലിരുന്നു തന്നെ ഞാന്‍ മനസ്സില്‍ കണ്ടു. അവന്റെ സാധാരണ സ്പീഡും ലോറിയുടെ ബാക്കും തമ്മിലുള്ള ചേര്‍ച്ച വെച്ചുനോക്കിയാല്‍ ഇറച്ചിയില്‍ മാത്രം മണ്ണുപറ്റാനുള്ള സാധ്യത വളരെ കുറവാണ്‌. പണ്ടൊരിക്കല്‍ സൈക്കിളില്‍ പോയ എന്നെ പിന്നാലെ വന്ന കാര്‍ തട്ടിയതിന്റെ ഓര്‍മ്മകള്‍ എന്റെ ചിന്തകള്‍ക്കു നിറം പകര്‍ന്നു.

വളരെ പ്രതീക്ഷയോടെ, പ്രതീക്ഷാഭാരത്തിന്റെ തളര്‍ച്ചയോടെ ഞാന്‍ ആശുപത്രിപടികള്‍ ചവിട്ടിക്കയറി.

റിസപ്ഷനിലിരുന്ന് ചിരിച്ചു കാണിച്ച പെണ്‍കുട്ടിയോടു ഞാന്‍ അത്യാഹിത വിഭാഗം എവിടെയെന്നു തിരക്കി.

"ബിമലിനെ അന്വേഷിച്ചുവന്നതാണോ?" എന്ന മറു ചോദ്യമായിരുന്നു മറുപടി.

'അതെ', എന്ന എന്റെ ഉത്തരത്തിനുപിന്നാലെയവര്‍ അടുത്ത മുറിക്കു നേരെ വിരല്‍ചൂണ്ടി.

അവിടെ വളരെയൊന്നും ആള്‍ക്കാരെ കാണാഞ്ഞതിനാല്‍ ഇന്നത്തെ അവരുടെ ഇര അവനാണെന്നു മനസ്സിലായി. ചുമ്മാതല്ല, അര മണിക്കൂറു മുന്‍പു എത്തിയ രോഗിയുടെ പേരുപോലും മറന്നു പോകാതിരുന്നത്‌.

അവര്‍ കൈ ചൂണ്ടിയ സ്ഥലത്തേക്കു ഞാന്‍ നോക്കി.

"മൈനര്‍ തിയേറ്റര്‍......"

പ്രതീക്ഷകളുടെ ഭാരം ഒഴിഞ്ഞു തുടങ്ങുന്നതു ഞാനറിഞ്ഞു. അവിടെ കുറെ മാലാഘമാര്‍ക്കു നടുവില്‍ വെട്ടിയിട്ട തെങ്ങിന്‍ തടിപോലെ അവന്‍ കിടക്കുന്നു.

ഞാന്‍ അടുത്തേക്കു ചെന്നു. സകല പ്രതീക്ഷയും അസ്തമിച്ചു. വലിയ പ്രശ്നങ്ങളൊന്നും തന്നെയില്ല. ഗോപികമാര്‍ക്കു നടുവില്‍ കൃഷ്ണനെന്നപോലെ മസിലും പെരുപ്പിച്ചു കിടക്കുന്നു. ഇവന്‍ വീണതു തന്നെ ഇതിനായിരുന്നോ എന്നു ഞാന്‍ സംശയിച്ചു പോയി.

അവനെ എടുത്തുകൊണ്ടുവന്ന നാട്ടുകാര്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നു. അവരെന്നോട്‌ സംഭവം വിവരിച്ചു. പിന്നെ ഇത്രയും കൂടി കൂട്ടിച്ചേര്‍ത്തു. "ഒന്നുകില്‍ അവന്‍ നേരേ ചൊവ്വേ വണ്ടിയോടിക്കണം. ഇല്ലെങ്കില്‍ അവന്റെ ശരീരഭാരം കുറക്കണം, എന്തൊരു മുടിഞ്ഞ വെയ്റ്റാ... ഇല്ലെങ്കില്‍ അടുത്ത പ്രാവശ്യം അവന്റെ കാലു ഞങ്ങള്‍ തല്ലിയൊടിക്കും". അവര്‍ ഇപ്പോഴും ഒരു നല്ല അപകടത്തിന്റെ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നതായി മനസ്സിലായി.

അത്രയും നേരം പാവത്തിനെ പോലെ നിന്ന നാട്ടുകാരിലൊരാള്‍ എന്റെയടുത്തു വന്നു വളരെ താഴ്മയായി ഇത്രയും കൂടി പറഞ്ഞു. "നീയും ഒരു വണ്ടി കൊണ്ടു നടക്കുന്നുണ്ടല്ലോ? അവിടെയെങ്ങാന്‍ വെച്ചു എന്തെങ്കിലും സംഭവിച്ചാല്‍ നിന്റെ കാലും തല്ലിയൊടിക്കും". എന്തൊരു സ്നേഹം. ഞാന്‍ അറിയാതെ കാലില്‍ തപ്പിപ്പോയി.

രോഗിയെ സന്ദര്‍ശിക്കാന്‍ ക്ലാസ്സിലുള്ള ഓരോരുത്തരായി എത്തി തുടങ്ങി. ഇത്രയധികം സന്ദര്‍ശകര്‍ അന്നേവരെ അവിടെ വന്നിട്ടില്ല എന്നു മാലാഘമാരുടെ മുഖഭാവം കണ്ടപ്പോള്‍ തോന്നി. വന്നപ്പോഴുള്ള പ്രതീക്ഷ തിരിച്ചു പോകുന്ന സന്ദര്‍ശകരില്‍ ഒരാളുടെയും മുഖത്തു ഉണ്ടായിരുന്നില്ല. ആരെങ്കിലും എന്തെങ്കിലുമൊക്കെ കൊണ്ടുവരാതിരിക്കില്ല എന്നു കരുതി കൂട്ടിരുന്ന എന്റെ പ്രതീക്ഷകളും അസ്ഥാനത്തായി.

വേണ്ടിവന്നാല്‍ ഒന്നു കരയാനായി പെണ്‍കുട്ടികള്‍ വാങ്ങിക്കൊണ്ടുവന്ന ഗ്ലിസറിന്‍ കുപ്പികള്‍ അടുത്ത കലോത്സവത്തിനു അവര്‍തന്നെ വിറ്റ്‌ തീര്‍ത്തു എന്നു ചില വക്രദൃഷ്ടിക്കാര്‍ പറയുന്നതും പിന്നീട്‌ കേട്ടിട്ടുണ്ട്‌.

ഇനിയെന്ത്‌? എന്ന ചിന്തയുമായി ഞാന്‍ വരാന്തയില്‍ നില്‍ക്കുമ്പോള്‍ കൊച്ചു വിഷ്ണു അച്ഛന്റെ കയ്യും പിടിച്ച്‌ അകത്തേക്കു പോകുന്നത്‌ കണ്ടു. ക്ലാസ്സുള്ളപ്പോഴായിരുന്നെങ്കില്‍ തീര്‍ച്ചയായും അവനും ബിമലിന്റെ കൂടെ കാണുമായിരുന്നു. ബിമലിന്റെ വണ്ടിയുടെ ബാക്ക്‌സീറ്റിന്റെ ഭാഗമായി അവന്‍ മാറിയിട്ടു ഏറെക്കാലമായി.

അച്ഛന്റെ വിരലില്‍ തൂങ്ങി അകത്തേക്കുപോയ അവനെ, ബിമലും മാലാഘമാരും കൂടി തൂക്കിയെടുത്തു കൊണ്ടു പുറത്തേക്കു കൊണ്ടുവരുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. തന്റെ വിരലിലെ, മകന്റെ പിടി അയയുന്നതു മനസ്സിലാക്കിയ അച്ഛന്‍ അവനെ താങ്ങി പിടിച്ചപ്പോഴേക്കും അവന്റെ ബോധം മറഞ്ഞിരുന്നുവത്രെ. അടുത്ത മുറിയില്‍ കിടത്തി കുറച്ച്‌ വെള്ളം കുടഞ്ഞു ബോധം വരുത്തി ട്രിപ്പുമിട്ടിട്ടു തിരിഞ്ഞു ഡോക്റ്റര്‍ അവന്റെ അച്ഛനു ഒരു ചെറിയ ഉപദേശവും നല്‍കി.

"ആശുപത്രീടെ മണമടിക്കുമ്പോഴെ ബോധം കെടുന്ന കൊച്ചു പിള്ളേരേംകൊണ്ടു ഇനിയെങ്കിലും ആശുപത്രിയില്‍ പോയി രോഗിക്കു ബുദ്ധിമുട്ടുണ്ടാക്കരുത്‌".

ഒരിക്കലും മറഞ്ഞു കണ്ടിട്ടില്ലാത്ത മുഖത്തെ ചിരിക്കു അല്‍പ്പം മങ്ങലുണ്ടായെങ്കിലും അതും മറച്ചുകൊണ്ട്‌ കൊച്ചുവിഷ്ണുവിന്റെ ചെവിയില്‍ പിടിച്ചുകൊണ്ട്‌ അച്ഛനും, അച്ഛന്റെ കയ്യില്‍ പിടിച്ചുകൊണ്ട്‌ കൊച്ചുവും പതിയെ നടന്നു നീങ്ങി.

ബിമലിന്റെ കിടപ്പുകണ്ടിട്ടാണോ, കൂട്ട്‌ കിടക്കാനുള്ള ആഗ്രഹമാണോ, തന്റെ പ്രതീക്ഷ അസ്ഥാനത്തായതിന്റെ ആഘാതമാണോ ആ ബോധക്ഷയത്തിനു പിന്നിലെന്നു ഇന്നും അവന്‍ പറഞ്ഞിട്ടില്ല.

9 comments:

SUJITH KAYYUR said...

Manassu thurannu samsaarikumbol thonnunna sukham thonnunnu.samoohathinte nerum nerikedum nannaayi parayaanaayi.

African Mallu said...

:-)

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal......

യാത്രക്കാരന്‍ said...

എന്തു അഭിപ്രായം പറയണം എന്ന സംശയത്തിലായിരുന്നു...
സുജിത് പറഞ്ഞതു ആണ് ഏറ്റവും യോജിച്ചത്...
ഇത് എന്‍റെ എഞ്ചിനീയറിംഗ് പഠന കാലത്തെ ഓര്‍മിപ്പിച്ചു
ഇതുപോലുള്ള സുഹൃത്തുക്കള്‍ ഒരുപാടുണ്ടായിരുന്നു..
ഏതായാലും മനോഹരം

Mohamedkutty മുഹമ്മദുകുട്ടി said...

"സംഭവാമി യുഗേ യുഗേ..."

Muralee Mukundan , ബിലാത്തിപട്ടണം said...

നസറുദ്ദീൻ കഥകൾ പോലെ ഒരിക്കലും തീരാത്ത കഥകളാണല്ലോ..ഈ ബിമലിന്റേതും അല്ലേ

Sureshkumar Punjhayil said...

Kochu Bimaalinu ...!!

Manohaaram, Ashamsakal...!!!

Irshad said...

ഈ പോസ്റ്റിട്ടിട്ടു മാസങ്ങളായി. ജനുവരി 26നു ബിമലിന്റെ വിവാഹമായിരുന്നു. വിവാഹത്തിനു കൂടി തിരിച്ചെത്തിയപ്പോള്‍ ഉറങ്ങിക്കിടന്ന ബ്ലോഗില്‍ മൂന്നു പുതിയ കമന്റുകള്‍. ബിമലിന്റെ പുതു ജീവിതത്തിനുള്ള ആശംസകള്‍ പോലെ....

സംഭവാമി യുഗേ...യുഗേ....

Echmukutty said...

ബിമൽക്കഥകൾ ഇനിയും വരട്ടെ....