Tuesday, November 24, 2009

ബിമലിന്റെ കാലിബർ

കോളേജിലെത്തിയിട്ടു ഏറെ ദിവസങ്ങളായിട്ടില്ല. ആദ്യ സീരീസിന്റെ തലേന്നാണ് അഡ്മിഷന്‍ കിട്ടിയത്. എങ്കില്‍ അതു കഴിഞ്ഞിട്ടു ക്ലാസ്സില്‍ കയറാമെന്നങ്ങ് കരുതി. അങനെ ഐശ്വര്യമായി ആദ്യ പരീക്ഷ തന്നെ ഒഴിവാക്കികൊണ്ട് പുതിയ അദ്ധ്യയനം ആരംഭിച്ചു.

ഇനി ക്ലാസ്സില്‍ കയറിയേക്കാമെന്നു കരുതിയപ്പോഴാണ് കുട്ടികള്‍ ടൂറിനു പോയിക്കഴിഞ്ഞെന്ന വിവരം അറിയുന്നതു. ക്ലാസ്സിലൊന്നു കയറാന്‍ കൊതിയായങ്ങനെ അസ്വസ്ഥമായി തെണ്ടിത്തിരിഞ്ഞു നടക്കുമ്പോഴാണ് ‘കാലിബര്‍ ബൈക്കി‘ലൊരു തടിമാടന്‍ മുന്നില്‍ വന്നു നിന്നത്. അറിയാതെ ഞാനൊന്നു വണങ്ങി മാറി നിന്നു.

(എന്റെ വാപ്പ ഒരു അദ്ധ്യാപകനായിരുന്നതിനാല്‍ അദ്ധ്യാപകരെ കാണുമ്പോള്‍ അറിയാതെ നമിച്ചു പോകും.)

ബൈക്കില്‍ തന്നെയിരുന്നദ്ദേഹമെന്നെ അരികത്തു വിളിച്ചു.
ഭവ്യതയോടെ ഞാന്‍ അരികത്തു ചെന്നു.

“താന്‍ എസ്ത്രീ ഈസിയല്ലെ?” ഘന ഗംഭീരമായ ശബ്ദം.
ചോദിച്ചതെന്തെന്നു മനസ്സിലായില്ല. ഇവിടുത്തെ ഭാഷ എന്താണോയെന്തോ?

ഇനി വല്ല മറുഭാഷക്കാരനുമാണോ? കണ്ടിട്ടൊരു കാപ്പിരി ലുക്ക് ഇല്ലാതില്ല.

വാട്ട്? ഞാന്‍ ചോദിച്ചു.

ഇയ്യ് ഇലക്ട്രോണിക്സില്‍ മൂന്നാം സെമ്മില്‍ പഠിക്കാന്‍ വന്നതല്ലെ? അന്റെ പേരെന്താ? പറച്ചിലില്‍ ഒരു മലപ്പുറം ടച്ച്.

ഇര്‍ഷാദ്. ഞാന്‍ പേരു പറഞ്ഞു.

ഞാന്‍ ബിമല്‍. വീട് പാല. മുമ്പ് മലപ്പുറം മഞ്ചേരിയിലായിരുന്നു.
തന്റെ ക്ലാസ്സില്‍ തന്നെയാ, ലാറ്ററലെണ്‍‌ട്രി തന്നെ.....

ഞാന്‍ ആഹ്ലാദംകൊണ്ട് നിശ്ശബ്ദനായി.
ഞാനായിരിക്കും ഇവിടെ മൂത്താപ്പ എന്നു കരുതിയിരിക്കുകയായിരുന്നു.
ഇപ്പോള്‍ എനിക്കു സമാധാനമായി. ഒപ്പം ഭയവും.
ഇവന്റെയൊക്കെ കൂടെ വേണോ ഈശ്വരാ പഠിക്കാന്‍?

റൂമുണ്ടോ? ബാസ്സ് ഒട്ടും കുറക്കാതെ അടുത്ത ചോദ്യം.
ഇവനാള് പെശകാന്നാ തോന്നുന്നെ. മലപ്പുറത്തൊക്കെയായിരുന്നെന്നു പറയുന്നുമുണ്ട്.
പിന്നെ, ഒരു വിദ്യാര്‍ത്ഥിയുടെ ശബ്ദത്തിനു ഇത്രക്ക് ബാസ്സ് വേണോ? ഒരു സംശയം.

എന്തിനാ?
താമസിക്കാന്‍ തന്നെ. മറുപടി

ഓഹോ !! വണ്ടിയുമായി റൂം തെണ്ടിയിറങ്ങിയതാണല്ലേ?

ങാ, വണ്ടി പോട്ടെ........., ഞാന്‍ അവന്റെ വണ്ടിക്കു പിന്നില്‍ കയറി.

ഒന്നെര കിലോമീറ്റര്‍ മലകയറ്റം കഴിഞ്ഞാലാണ് ഇലക്ട്രോണിക്സ് ബ്ലോക്കിലെത്തുക. അങ്ങനെ വിയര്‍ത്തു കുളിച്ചു വന്നു വിശ്രമിക്കുമ്പോഴാണ് വണ്ടിയുമായൊരുത്തന്റെ വരവു. സമാധാനമായി. ഇവനെ ഞാന്‍ എന്റെ റൂമ്മേറ്റാക്കിയിരിക്കുന്നു.

അതുകൊണ്ട് രണ്ടുണ്ടു ഉപകാരം. യാത്രക്കൊരു വണ്ടിയും. നമുക്കു കയ്യിലിരിപ്പു കാരണം വഴിയില്‍ നിന്നും കിട്ടുന്നതു വാങ്ങാന്‍ വിശാലമായ ഒരു പുറവും.

അങ്ങനെ ബിമല്‍ റൂമില്‍ അന്തേവാസിയായി വന്നെത്തി.

ബിമലിന്റെ ബൈക്കിന്റെ പിന്നിലിരുന്നു ഞാന്‍ കോളേജില്‍ പോക്കും വരവും നടത്തിവരവെ, കോളേജിന്റെ സ്വന്തം ഉത്സവം ‘വെര്‍ച്യൂസോ’ വന്നെത്തി. കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലാണ് അങ്കം.

അന്നേ ദിവസം വായില്‍നോട്ടമല്ലാതെ നമുക്ക് പ്രത്യേകിച്ചു പണിയൊന്നുമില്ല. നമുക്കു ആരെയും പരിചയമില്ലാത്തതിനാലും, നമ്മളെ ആര്‍ക്കും പരിചയമില്ലാത്തതിനാലും നാട്-ക്ലാസ്സ്-ടീച്ചര്‍-കുട്ടി-രക്ഷകര്‍ത്താവ് വ്യത്യാസമില്ലാതെ നോക്കി സംരക്ഷിച്ചു നിന്നു. പോളി കഴിഞ്ഞു വന്ന മുപ്പത്താറ് പൊളികള്‍ എന്ന കാഴ്ചപ്പാടില്‍ ചില ടീച്ചേഴ്സും കുട്ടികളും ബഹുമാനിച്ചു. മറ്റു ചിലര്‍ കുട്ടികളുടെ രക്ഷകര്‍ത്താക്കന്മാര്‍ എന്ന വിചാരത്തില്‍ സ്നേഹാദരങ്ങളര്‍പ്പിച്ചു കടന്നു പോയി.

പരിപാടികളൊക്കെ കെങ്കേമം. സിനിമാറ്റിക് ഡാന്‍സും ഫാഷന്‍ഷോയുമൊക്കെ മുറ്റു ഷോ തന്നെ. പരിപാടി കഴിഞ്ഞപ്പോള്‍ രാത്രി വളരെ വൈകി. മഴക്കു സാദ്ധ്യതയുണ്ട്. തുച്ഛമായ ബസ്സുകള്‍, മോശമല്ലാത്ത എണ്ണം കുട്ടികളോടൊപ്പം യാത്രക്കു തയ്യാറായി നില്‍ക്കുന്നു. ആദ്യം പെണ്‍കുട്ടികളെ ഹോസ്റ്റലിലാക്കി ബസ്സുകള്‍ ആണ്‍കുട്ടികള്‍ക്കായി തിരിച്ചെത്തും. ബിമലിന്റെ വണ്ടിയുള്ളതിനാല്‍ മഴ കൊണ്ടാലും തള്ളുകൊള്ളാതെ എനിക്കു പോകാം എന്നതിനാല്‍ ഞാന്‍ കാത്തു നിന്നു.

ഡ്രൈവര്‍മാര്‍ വണ്ടി സ്റ്റാര്‍ട്ടാക്കി. ബിമലും.....

പിന്നെ ബിമി ബസ്സുകളെ വലം വെച്ചു, വണ്ടിയൊന്നു ഇരപ്പിച്ചു, സര്‍വ്വരുടെയും ശ്രദ്ധയെ തന്നിലേക്കാകര്‍ഷിച്ചു, പുഷ്പം പോലെ വണ്ടി ഒറ്റവീലില്‍ നിര്‍ത്തി അഭ്യാസം. പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന വണ്ടിക്കുമുന്നില്‍ ഇവനിപ്പോള്‍ തേങ്ങയുടക്കും എന്നു കരുതി ഞാന്‍ ശ്വാസം പിടിച്ചു നിന്നു.

എന്തായാലും അന്നു ഭാഗ്യത്തിനു ഇറച്ചിയില്‍ മണ്ണു പറ്റിയില്ല.

ഇവനാളുകൊള്ളാമല്ലോ? ഇന്നു ഇവന്റെ കൂടെത്തന്നെ പോകണം. നല്ല എക്സ്പെര്‍ട്ട് ഡ്രൈവറായതിനാല്‍ ഒന്നും പേടിക്കാനില്ല. പാതിരാത്രിയാണെങ്കിലും കൂരിരുട്ടാണെങ്കിലും മഴയിത്തിരികൊണ്ടാലും സാരമില്ല. ബിമലിന്റെ കൂട്ടാളിയാണെന്നു നാലുപേരറിയുമല്ലോ?

അങ്ങനെ ഡ്രൈവര്‍മാര്‍ വണ്ടി വിട്ടു.

ലേഡീസ് പോയിക്കഴിഞ്ഞിട്ട് അഭ്യാസം കാട്ടിയിട്ടെന്തു കാര്യം? ബിമലും വണ്ടി വിട്ടു.
പിന്നില്‍ ഞാന്‍ പറന്നു പോകാതെ മുറുകെ പിടിച്ചിരുന്നു.

അകത്തു പെണ്‍കുട്ടികളായതിനാലാകണം ബസ്സ് അതിന്റെ ഫുള്‍ സ്പീഡില്‍ പാഞ്ഞു. സാധാരണ 10 കിലോമീറ്റര്‍ സ്പീഡില്‍ പോകുന്ന ബസ്സ് ഒഴിഞ്ഞ വീഥിയില്‍ കൂടി ഇപ്പോള്‍ 20-25 കി.മീ സ്പീഡില്‍ നീങ്ങുന്നു. ബിമലാണെങ്കില്‍ തന്റെ ജീവിതത്തിലെ ഏറ്റവും കുറഞ്ഞ സ്പീഡില്‍ (ബസ്സിന്റെ അതേ സ്പീഡില്‍) ആ ഫുള്‍ ലോഡ് ബസ്സുകളെ സംരക്ഷിച്ചു മുന്നിലും പിന്നിലുമൊക്കെയായി നീങ്ങി.

അതായിരുന്നു കെ. കെ റോഡിനെ അത്ഭുതപ്പെടുത്തിയ രാത്രി. അര്‍. ഐ. റ്റി. ബസ്സുകളുടെ കൂടിയ സ്പീഡും ബിമലിന്റെ കുറഞ്ഞ സ്പീഡും ഒരുമിച്ചു കണ്ട പുളകത്താല്‍ പ്രകൃതി അനുഗ്രഹം ചൊരിഞ്ഞു. കോരിച്ചൊരിയുന്ന മഴ....., വീശിയടിച്ച കാറ്റത്തു ഒടിഞ്ഞു വീഴാന്‍ തയ്യാറായി റോഡ്സൈഡിലെ റബ്ബര്‍ മരങ്ങള്‍ ഞങ്ങളെ നമിച്ചു.

ബിമള്‍ തന്റെ കൂടിയ സ്പീഡിലേക്കും, ബസ്സുകള്‍ കുറഞ്ഞ സ്പീഡിലേക്കും ഗിയറുകള്‍ മാറ്റി.
ബസ്സുകള്‍ വളരെ പിന്നിലായി. ഞാന്‍ മഴ നനയാതെ ബിമലിനു പിന്നില്‍ മറഞ്ഞിരുന്നു.

സ്ഥലം മണര്‍ക്കാട്. ഇനിയും നാലഞ്ചു കിലോമീറ്റര്‍ പോകണം. പെട്ടെന്നു വണ്ടി നിന്നു പോയി. ബസ്സുവരാന്‍ കാത്തു നില്‍ക്കാനുള്ള തന്ത്രമാണതെന്നു ഞാനാദ്യം കരുതി. മഴ കണ്ടാല്‍ വണ്ടിക്കുള്ള സ്ഥിരം അസുഖമാണതെന്നു കേട്ടപ്പോള്‍ ഞാനാകെ തകര്‍ന്നു പോയി.

അങ്ങനെ വണ്ടി തള്ളിത്തുടങ്ങി. നല്ല മഴയായതിനാല്‍ ഒട്ടും വിയര്‍ത്തില്ല. അപ്പോള്‍ ദൂരെ കോളേജ് ബസ്സുകള്‍ പ്രത്യക്ഷപ്പെട്ടു. ഞങ്ങള്‍ മൂന്നു ബസ്സും പോകുന്നതു വരെ റോഡ് സൈഡിലെ കുറ്റിക്കാട്ടില്‍ മൂത്രമൊഴിച്ചിരുന്നു.

പിന്നെ വണ്ടി തള്ളല്‍ തുടര്‍ന്നു.

“എഡാ, ഇവിടെവിടെങ്കിലും നിന്നു നമുക്കു കുറച്ചു മഴ കൊള്ളാം. അങ്ങനാണെങ്കില്‍ ഇവിടുത്തെ മഴ മാത്രം കൊണ്ടാല്‍ മതിയല്ലോ? വെറുതെയെന്തിനാ മണര്‍ക്കാട് മുതല്‍ ഏഴാമ്മൈല്‍ വരെയുള്ള മഴ കൊള്ളുന്നതു?” വണ്ടി തള്ളുന്നതിന്നിടയില്‍ ബിമലിന്റെ തമാശ.

ആ കരടി പോലുള്ള ദേഹത്തിനുള്ളിലുമൊരു ലോല ഹൃദയമുണ്ടെന്നു അന്നെനിക്കു മനസ്സിലായി.
അതുകൊണ്ട് അവനെ ഞാനൊന്നും ചെയ്തില്ല. ലോല ഹൃദയം കണ്ടിട്ടല്ല, ദേഹം കണ്ടിട്ടു.

ആണ്‍കുട്ടികളെ വിളിക്കാന്‍ ബസ്സുകള്‍ വീണ്ടും കോട്ടയത്തേക്കു പോകുന്നു. ഞങള്‍ വീണ്ടും മുള്ളാനായി വഴിവക്കിലിരുന്നു.

പകലല്ലാത്തതായിരുന്നു ആകെ സമാധാനം. പക്ഷെ ദൈവം ഫോട്ടോയെടുത്തുകൊണ്ടേയിരുന്നു. ആണ്‍ കുട്ടികളെ കയറ്റി ഇപ്പോള്‍ വണ്ടി ഇങ്ങെത്തും. അവന്മാര്‍ കണ്ടാല്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല. എന്തൊക്കെ അഭ്യാസങ്ങള്‍ കാണിച്ചിട്ടാ വന്നതു?

ബസ്സില്‍ കയറിയിരുന്നെങ്കില്‍, ഇത്തിരി തള്ളുകൊണ്ടാലും, മഴ നനയാതെ, വണ്ടി തള്ളാതെ വീട്ടിലെത്താമായിരുന്നു. ബെന്‍സീര്‍ ബിമലിന്നു പിന്നില്‍ കയറാന്‍ പരമാവധി ശ്രമിച്ചതായിരുന്നു. പക്ഷെ എന്തു ചെയ്യാം. ഇതു എന്റെ യോഗം.

കയറ്റത്തിനു ശേഷം ഒരിറക്കമുണ്ടാകും എന്നതാണ് കെ. കെ റോഡില്‍ വണ്ടി തള്ളുമ്പോഴുള്ള ഏക ആശ്വാസം. ഇറക്കത്തില്‍ ഞങള്‍ വണ്ടിയില്‍ കയറിയിരിക്കും. പഴയ കഴുതക്കഥ പോലെ. കുറച്ചു സമയം ഞങള്‍ വണ്ടി വഹിക്കും. പിന്നെ അതു ഞങ്ങളെയും.

മഴ കുറഞ്ഞു. ദൂരെ വണ്ടിയുടെ വെളിച്ചം. വീണ്ടും മുള്ളാന്‍ സമയമായി. ഞങ്ങള്‍ കുറ്റിക്കാട് തേടി നീങ്ങി. പക്ഷെ അപ്പോഴേക്കും വണ്ടി അടുത്തെത്തി. ബസ്സില്‍ നിന്നും നിര്‍ത്താത്ത കൂവലുകള്‍........

പിന്നെ ബസ്സില്‍ നിന്നും ബെന്‍സീര്‍ ഇറങ്ങി അടുത്തു വന്നു ചോദിച്ചു.
തള്ളണോ അളിയാ.....

No comments: