Friday, May 4, 2012

പവര്‍‌കട്ട്



മഹാബലിയെ ഓര്‍ക്കുമ്പോലെ, മഹാകവികളുടെ ഓര്‍മകളും നാം അയവിറക്കണമെന്ന ഓര്‍മ്മപ്പെടുത്തലായി  വീണ്ടും കറണ്ടുകട്ടിന്റെ കാലമെത്തി.....

വെളിച്ചം ദു:ഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം....

ഇടവഴിയിലൂടെ, ഉണ്ണിച്ചേട്ടന്റെ കൈപിടിച്ചുകൊണ്ട് അമ്പിളിച്ചേട്ടന്‍ അയലത്തെ വീട്ടിലേക്കു എത്തിനോക്കി പാടിക്കൊണ്ട് ആടിയാടി നടന്നുപോയി. കാറ്റു കൊള്ളാനായി വീടിനു പുറത്തു കസേരയിട്ടിരുന്ന ചേച്ചി, കാറ്റിന്റെ സുഗന്ധം കൊണ്ടോ, ചേട്ടന്റെ പാട്ടു കേട്ടിട്ടോ അകത്തേക്കോടി.

വിളപ്പില്‍ശാല പ്രശ്നം രൂക്ഷമായതിനാല്‍, നഗരത്തിനിപ്പോള്‍ ഒരു വിളപ്പില്‍ശാല ഗന്ധമാണ്. ചൂടു കാലമായാല്‍, കാറ്റു കൊള്ളാനായി പുറത്തിറങ്ങുന്ന പരിപാടിയൊക്കെ ജനങ്ങള്‍ നിര്‍ത്തി. 

കറണ്ടു പോയി. എങ്കില്‍ പടത്തിനു പോയാലൊ?
രതീഷിന്റെ ചോദ്യം.

ആ ചോദ്യമാണ് ബിമലെന്ന മഹാസംഭവത്തെക്കുറിച്ചുള്ള പഴയ ഒരു സംഭവം ഓര്‍മിപ്പിച്ചതു. മഹാകവികളെ മാത്രമല്ല, മഹാസംഭവങ്ങളെയും ഓര്‍മിപ്പിക്കാറുണ്ട് കറണ്ടു കട്ടുകള്‍.

കോട്ടയത്തെ പഠനകാലത്തെ ഒരു കറണ്ടു കട്ടു കാലം.
അറയും പുരയുമായ വീടിന്റെ അടുക്കളയോട് ചേര്‍ന്ന അറയിലിരുന്നു ബിമലും ബെന്‍സീറും, മെഴുകുതിരി കത്തിച്ചും കെടുത്തിയും കളിക്കുന്നു. സര്‍ക്കാര്‍ പോലും പഠനത്തിനു ഔദ്യോഗിക അവധി നല്‍കിയിരിക്കുന്ന ഈ അരമണിക്കൂര്‍ തന്നെ പഠിക്കണമെന്നു ബിമലിന്നു വാശി. നിയമങ്ങള്‍ ലംഘിക്കുവാനുള്ളതല്ലെന്നു ബെന്‍സീര്‍. ഒരു ബിസ്കറ്റ് പാക്കറ്റ് പൊട്ടിച്ചിട്ടു അവരുടെ നടുവിലേക്കിട്ടു കൊണ്ട്, അടിയോളമെത്തിയ ആ പ്രശ്നം കോമ്പ്രമൈസിലെത്തിച്ചു.

കരണ്ടു പോയി. പടത്തിനു പോയാലൊ?
ബിസ്കറ്റ് എനര്‍ജി നിറച്ചപ്പോള്‍ ബെന്‍സീറിന്റെ ചോദ്യം.

പവര്‍കട്ടിനെ തോല്‍പ്പിക്കാനായി പടത്തിനു പോകുക. പെട്ടെന്നു പോയാല്‍ സെക്കന്റ് ഷോയ്ക്കു കയറാം. എല്ലാവരും നിമിഷങ്ങള്‍ക്കുള്ളില്‍ റെഡിയായി ബൈക്കുകള്‍ സ്റ്റാര്‍ട്ടാക്കി യാത്രയായി.

പടം കണ്ടു തിരിച്ചെത്തുമ്പോള്‍, ദൂരെ റോഡില്‍ നിന്നും തന്നെ, താഴ്വാരത്തു റബ്ബര്‍ മരങ്ങള്‍ക്കു നടുവില്‍ വെള്ളപുതച്ചു നില്‍ക്കുന്ന ഞങ്ങളുടെ വാടക വീടു കണ്ടു. അര്‍ദ്ധരാത്രിയില്‍..., ചുറ്റിനും മറ്റൊരു വെളിച്ചവുമില്ലാതെ...., ഒരു മലയടിവാരത്തു...., റബ്ബര്‍മരങ്ങള്‍ക്കിടയില്‍...., ഓടിന്റെ വിടവുകളില്‍ കൂടി പ്രകാശം പരത്തി.....
ഹോ!!!! ഇത്ര സൌന്ദര്യത്തോടെ ഞാന്‍ വീടിനെ മുമ്പ് കണ്ടിട്ടേയില്ല.

കറണ്ടു കട്ടു സമയത്തു ധൃതിയില്‍ ഇറങ്ങിയോടിയപ്പോള്‍ ഒരുത്തനും ലൈറ്റും ഫാനുമൊന്നും ഓഫാക്കിയിരുന്നില്ല. ഓടിട്ട വീടിന്റെ ഓടിന്റെ വിടവുകളില്‍ കൂടി മുറികളിലെ വെളിച്ചം ചിതറുന്നു. ഒരു വശത്തു  ചിതറുന്ന വെളിച്ചത്തിനൊപ്പം പാറി നടക്കുന്ന പഞ്ഞിക്കെട്ടുകള്‍ പോലെ പുകച്ചുരുളുകള്‍.

അയ്യോ... പുക....
വീടിന്റെ സൌന്ദര്യമുയര്‍ത്തിയ പുക ഏതെന്നു മനസ്സിലായതു ബിമലിന്റെ നിലവിളിയാലാണ്.

ഓടിയിറങ്ങി വീടു തുറന്നു നോക്കുമ്പോള്‍ ബിമലിന്റെ മുറി (തടികൊണ്ടുള്ള അറ)യില്‍ തീ. ടേബിളിന്റെ ഒത്തനടുക്കു സമാധാനത്തോടെ നിന്നു കത്തുന്ന തീ. വെള്ളമൊഴിച്ചു തീയണച്ചു. പുകപോയിക്കഴിഞ്ഞപ്പോള്‍, പൊടി വീഴാതിരിക്കാന്‍ റൂമിനു മുകളില്‍ വലിച്ചു കെട്ടിയിരുന്ന വെളുത്തമുണ്ട് പുകയടിച്ചു ശബരിമലക്കു കൊണ്ടു പോകാന്‍ പാകത്തിലായിരിക്കുന്നു.

ഇത്രനേരവും മറ്റെവിടെയും പടരാതെ സമാധാനത്തോടെ നിന്നു കത്തിയതെന്തായിരുന്നു?
ടേബിളിന്റെ നടുവിലെന്തോ പറ്റിപ്പിടിച്ചിരിക്കുന്നു. ചില നാരുകള്‍..... ചെറു സ്പ്രിംഗുകള്‍..... ടേബിളിനോട് ഉരുകിച്ചേര്‍ന്നു അല്‍പ്പം പ്ലാസ്റ്റിക്കും. അടുക്കളയില്‍ നിന്നും കത്തിയെടുത്തു പ്ലാസ്റ്റിക് കുത്തിയിളക്കി. ഏതോ ഇലക്ട്രോണിക്സ് സാധനത്തിന്റെ ഒരു ബാറ്ററി അറയുടെ അടപ്പ്. ഏറെ നേരത്തെ തലപുകക്കലില്‍ നിന്നും, ഇത്രനേരം പുകഞ്ഞതു മെഴുകുതിരി കത്തിച്ചു വെച്ചിരുന്ന ടൈം‌പീസായിരുന്നു എന്ന തിരിച്ചറിവുണ്ടായി. പടം കഴിഞ്ഞുവരാന്‍ അല്‍പ്പം കൂടി താമസിച്ചിരുന്നെങ്കില്‍ വാടകക്കെടുത്ത വീടിനു പകരം പുതിയതു പണിയേണ്ടിവന്നേനെ എന്ന സത്യം ഇപ്പോഴും ഭയപ്പെടുത്തുന്നു.

ഓര്‍ക്കുക. കറണ്ടു കട്ടിന്റെ സമയത്തു അലസമായി പുറത്തു കറങ്ങാതിരിക്കുക.

3 comments:

ധനേഷ് said...

ഹഹ..
ആ മേശയില് നിന്ന് ചുരണ്ടിപ്പറിച്ചെടുത്ത ഫോസില്‍ അനലൈസ് ചെയ്ത സീന്‍..
:)

Irshad said...

ഓര്‍മയുണ്ടല്ലേ? :)

ഇന്നലെ കറണ്ട് പോയപ്പോള്‍ ഒരുത്തനു പടം കാണാന്‍ പോകണമെന്ന്...

ഇപ്പോള്‍ ലൈറ്റും ഫാനുമൊക്കെ ഓഫാക്കിയെറങ്ങാമെന്നു വിചാരിച്ചാലും നടക്കില്ല. എല്ലാം two way സ്വിച്ചുകളല്ലേ? ഇറങ്ങിപ്പോകുന്ന എല്ലാവനും സ്വിച്ചുകള്‍ ഓഫാക്കാന്‍ ശ്രമിക്കും എന്നതാണിപ്പോഴത്തെ മറ്റൊരു പ്രശ്നം :)

ajith said...

വളരെ ശരിയായ ഒരു കാര്യമാണ് ഇപ്പറഞ്ഞത്. പലര്‍ക്കും പല അബദ്ധവും സംഭവിച്ചിട്ടുണ്ട് ഇങ്ങിനെ.